കാറ്റിന്റെ നഗരമാണ് ചിക്കാഗോ. അമേരിക്കൻ ഐക്യനാടുകളിലെ ഇലിനോയ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമെന്ന ഖ്യാതിയും ചിക്കാഗോക്ക് സ്വന്തമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയെ പോഷിപ്പിക്കുന്ന മിഷിഗൺ തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ചിക്കാഗോ. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഒ ഹെയർ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഡിസംബറിൽ മഞ്ഞ് പുതപ്പണിയുന്ന ചിക്കാഗോയുടെ പുതുവർഷപ്പുലരികൾ ഏറെ മനോഹരമാണ്. മിഷിഗൺ തടാകത്തിലെ പാതിയുറഞ്ഞ മഞ്ഞുപാളികൾക്ക് സൂര്യ രശ്മികൾ സ്വർണ ശോഭയേകുമ്പോൾ വിസ്മയത്തിന്റെ പൂത്തിരി വർണങ്ങൾ നൽകുന്ന കാഴ്ചയാണ് ഒരോ സഞ്ചാരിക്കും പകരുന്നത്. ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്എസ്റ്റോണിയ.ഹിമയുഗത്തിന്റെ അവസാനങ്ങളിൽ മഞ്ഞുരുകിയ കാലങ്ങളിലാണ് എസ്റ്റോണിയയിൽ മനുഷ്യവാസം യോഗ്യമായതെന്ന് ചരിത്രം പറയുന്നു. ടാലിൻ ആണ് എസ്റ്റോണിയയിലെ പ്രധാന നഗരവും രാജ്യ തലസ്ഥാനവും.പഴമയുടെ പ്രൗഢി പേറുന്ന ടാലിനിലെ കൊട്ടാരങ്ങളിൽ മഞ്ഞിന്റെ മൂടുപടം ഒരു ഇന്ദ്രജാലം പോലെ അത്ഭുതം വിതറും. ഹിമ മേലങ്കി അണിഞ്ഞ് ചുറ്റുമതിലിനാൽ ബന്ധിതയായ ടാലിനിലൂടെയുള്ള അലസമായ നടത്തം ചിലപ്പോൾ ഒരു മാന്ത്രിക ലോകത്തിലെത്തിയത്രയും അത്ഭുതങ്ങൾ പഥികർക്ക് സമ്മാനിക്കുമെന്നതിന് സംശയമില്ല. എസ്റ്റോണിയയുടെ തലസ്ഥാനവും ആ രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ടാലിൻ. അമേരിക്കയിലെ റോഡ് ഐലൻഡ് എന്ന സംസ്ഥാനത്തോളം വലുപ്പമുള്ള ഒരു ദേശീയോദ്യാനമാണ് യോസെമിറ്റി. മധ്യപൂർവ കലിഫോർണിയയിലാണിത്. ചെറുതും വലുതുമായ നിരവധി ജലപാതകളും വിശാലമായ ജയന്റ് സെക്കോയയും നിറഞ്ഞ ജൈവവൈവിധ്യത്തിന്റെ കലവറ, വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും ഈ ദേശീയോദ്യാനത്തിനകത്താണ്. ശൈത്യത്തിൽ യോസെമിറ്റി അതിമനോഹരിയാണ്.മഞ്ഞുകട്ടകൾ ഒഴുകി നടക്കുന്ന തടാകങ്ങളും മഞ്ഞണിഞ്ഞ റെഡ് വുഡ് മരങ്ങളും വെള്ള പുതച്ച ഗിരിശൃംഗങ്ങളും യോസെമിറ്റിയിലെ കാഴ്ചകളാണ്. കൗതുകാത്മകമായ കരിങ്കൽ മലകൾ, ചെറുതും വലുതുമായ ജലപാതങ്ങൾ, വിശാലമായ തടാകങ്ങൾ, പ്രശാന്തസുന്ദരമായ അരുവികൾ, ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷമായ ജയന്റ് സെക്ക്വയ, ജൈവവൈവിധ്യം തുടങ്ങിയവ ഈ ദേശീയോദ്യാനത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നു.മഞ്ഞുപുതപ്പണിഞ്ഞ കശ്മീർ എന്നും സഞ്ചാരികളുടെ സ്വർഗമാണ്. ഇന്ത്യയുടെ പൂന്തോട്ടമെന്നാണ് കശ്മീർ അറിയപ്പെടുന്നത്. ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീർ.ഝലം നദിയും ദാൽ തടാകവും പിർപാഞ്ചൽ മലനിരകളും ഹിമാദ്രിയും അതിരു കാക്കുന്ന കശ്മീർ. നെഗറ്റീവ് ഒരു ഡിഗ്രി വരെ താഴ്ന്നു പോകുന്ന താപനില, ഹിമപാതം, വെള്ളം ഉറഞ്ഞു പോയ തടാകങ്ങള്‍, മഞ്ഞു മൂടിയ ഗിരിനിരകൾ . കശ്മീരിലെ ഒരു പ്രത്യേകതയും ആകർഷണവുമാണ് ഒഴുകുന്ന തോട്ടങ്ങൾ. രുചികരമായ പഴങ്ങൾക്കും കശ്മീർ പേരുകേട്ടതാണ്. ഇവിടത്തെ കാലാവസ്ഥ, ആപ്രിക്കോട്ട്, ആപ്പിൾ, വീഞ്ഞുമുന്തിരി, വാൾനട്ട് എന്നിവക്ക് വളരെ യോജിച്ചതാണ്.. ഡിസംബറിന്റെ തണുപ്പു നുകരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സമ്മാനിക്കുവാൻ കശ്മീരിനോളം മാസ്മരിക സൗന്ദര്യമേറിയ മറ്റൊന്നും പ്രകൃതി നമുക്കു നൽകി യിട്ടില്ലെന്ന് നിസ്സംശയം പറയാം. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമാണ് പ്രാഗ്. ഗോൾഡൻ സിറ്റി എന്നാണിത് അറിയപ്പെടുന്നത്. ഭൂതകാലത്തിന്റെ പൊലിമ പേറുന്ന വാസ്തു ശിൽപശൈലിയിൽ തീർത്ത നിരവധി കെട്ടിടങ്ങൾ പ്രാഗിനെ ആഢ്യത്വത്തിന്റെ പ്രതീകമാക്കുന്നു. രണ്ടാം ലോകയുദ്ധം ചെറുതല്ലാത്ത നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും പ്രാഗിന്റെ പ്രതാപത്തിന് കോട്ടം വരുത്താൻ അതിന് സാധിച്ചിട്ടില്ല. സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള നഗരങ്ങളിലൊന്നാണ് പ്രാഗ്. ശൈത്യത്തിലാണ് പ്രാഗ് കൂടുതൽ മനോഹരിയാകുന്നത്. മഞ്ഞ് തിളങ്ങുന്ന പ്രഭാതങ്ങൾ പ്രാഗിന്റെ സൗന്ദര്യത്തിന് വിസ്മയത്തിന്റെ മൂടുപടം നൽകുന്നു. മരക്കുടിലുകളും കോട്ടകൊത്തളങ്ങളും മഞ്ഞു മൂടുമ്പോൾ മുത്തശ്ശിക്കഥകളിലെ മനോഹരമായ ഭാവനകൾ പോലെയാകും പ്രാഗ്. സഞ്ചാരികൾക്ക് മനസ്സു നിറയെ കാഴ്ചകൾ സമ്മാനിക്കുന്ന മനോഹരമായ ഭൂമി.